Friday, February 15, 2008

ഈ മങ്ങലാട്ടച്ചന് ഒന്നും അറിഞ്ഞൂടേടേ?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

കോവാലണ്ണാ, അണ്ണന്‍ മങ്ങാട്ടച്ചന്‍റെ പൊളപ്പന്‍ സാധനം വായിച്ചാണ്ണാ?
മങ്ങാട്ടച്ചനല്ലടേ.. മംഗലാട്ട് സാറ്.
അങ്ങേരെങ്കി അങ്ങേര്. നീ വായിച്ചാ?
പിന്നെ വായിക്കാതേ? ആഴ്ചപ്പതിപ്പ് കിട്ടിയ ഒടനേ വായിച്ചത് അതല്ലീ? എന്തരടേ ചോദിച്ച്?
അല്ലണ്ണാ, സാറിന് തുണി ഇല്ലന്ന് അണ്ണന്‍ വിളിച്ച് പറയിണില്ലീ?
എടേ.. സാറിനല്ലടേ തുണിയില്ലാത്തത്. രാജാവിനെടേ.
ആരക്കെങ്കിലും ആവട്ടണ്ണാ, അണ്ണന്‍ പറയീന്‍.
ഞാമ്പറയുമേ..
അണ്ണന്‍ പറയണ്ണാ. അവര് എന്തര് ചെയ്യുമെന്ന് കാണട്ടണ്ണാ..
എന്നാ കേട്ടോ.
ഓ കേക്ക്വാണണ്ണാ.

സാറ് പറയണ കേട്ടാടേ... മലയാളം ബ്ലോഗ്, മലയാളം വിക്കിപീഡിയ എന്നെല്ലാം ഇക്കഴിഞ്ഞ കുറേ നാളായി പത്രമാദ്ധ്യമങ്ങളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടുകാണുന്നു. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാമെന്നും ഇന്റര്‍നെറ്റില്‍ മലയാളഭാഷയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്നും കേരളീയസമൂഹം മനസ്സിലാക്കുന്നതിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്.

കള്ളോമല്ല് സാറേ ഇദ്. വാര്‍ത്തകണ്ട് ബ്ലോഗുകള് തൊടങ്ങിയ മലയാളിയേക്കാലും എത്രയോ അധികോല്ലേ കൊടേരപുരാണോം കുറുമയ്യാന്‍റെ കദകളും വായിച്ചേം വച്ച് ബ്ലോഗ് ഒണ്ടാക്ക്യോര്? മാതൃഫൂമീല് എഴുതാന്‍ സമ്മതിച്ചേന് അവരെ ഇങ്ങനെ സോപ്പിടണോ സാറേ?

അല്ല കോവാലേണ്ണാ, അണ്ണനിപ്പം ആരോട് ഇത് പറയണത്?
സാറിനോട് തന്നടേ. അങ്ങേര് കേക്കണങ്കി കേക്കട്ട്.
എന്നാ പറയണ്ണാ.

എടേ സാറിന് ഒരു ഡവുട്ടടേ.. വന്യമായ വനിക എന്നാല്‍ എന്തായിരിക്കാം?
എന്തായിരിക്കാം അണ്ണാ?

സാറൊരു കാളേജ് പ്രഫസറല്ലി. സാറിന് വന്യവനികേടെ അര്‍ഥം അറിഞ്ഞൂടാത്തോണ്ട് ചോദിക്കേണ്. ഞാമ്പോയി ശബ്ദതാറാവെലി എടുത്ത്......ല്ല. ഇല്ലാത്ത സാധനങ്ങള് എവിടെപ്പോയി എടുക്കാനെടേ? എന്നാലും പ്വോയി ഇംഗ്ലീശ് മലയാളം ഡിഷ്ണറി എടുത്ത് പിടിച്ച്. ഫസ്റ്റ് പേജ് മൊതല് തപ്പി നോക്കിയെടേ.

എന്നിട്ടെന്തായണ്ണാ?
തോക്കിക്കേറി വെടിമരുന്ന് ചവയ്ക്കാതെടേ..
എന്നാ അണ്ണന്‍ പറയീന്‍.

എടേ വനിക എന്നാ forest. വന്യ എന്നാ wild.
വന്യവനിക നോക്കാമ്പോയ അണ്ണന്‍ എന്തണ്ണാ ആദ്യം വന്യ നോക്കാത വനിക തപ്പിയത്?

എടേ പണ്ട് എളമരം കരീം മാഷ് പറഞ്ഞു തന്നത് പ്വോലെ ഇടത്തീന്ന് വലത്തോട്ടേ നമ്മള് തപ്പൂ. നമ്മള് അങ്ങനാ.
അപ്പം അണ്ണന് ഇതൊക്ക അറിയാമല്ലണ്ണാ..
നീ കേക്കടേ.. വന്യവനിക അപ്പം വന്യന്‍റെ വനിക ആണോ?
അണോണ്ണാ? അപ്പം ആരാ വന്യന്‍?
അല്ലടേ മണ്ടൂസേ. നീയും സാറിനെപ്പോലെ പറയല്ലേടേ.
എന്നാപ്പിന്നണ്ണാ വന്യപോലെയുള്ള വനിക?
എടേ നീ ഞാമ്പറയുന്ന കേട്ടാ മതി കേട്ടാ.
ശരിയണ്ണാ. അപ്പപ്പിന്ന എന്തരണ്ണാ വന്യവനിക?
എടാ വന്യവനിക എന്നുവച്ചാല്‍ വന്യമായ വനിക. Wild forest.
അപ്പം വലിയ കൊഴപ്പമില്ലാത്ത സാദനമാണല്ലണ്ണാ. ഞാമ്മിചാരിച്ച് കേരളത്തിലൊന്നും ഇല്ലാത്ത സാദനമാണന്ന്.
അതല്ലേടേ ഞാനും വിചാരിച്ച്. wild forest ഇല്ലാത്തോണ്ടാണ് സാറിന് കണ്‍ഫ്യൂഷ്യസ് ആയിപ്പോയേന്ന്. നമ്മള് നാട്ടീന്ന് ബിട്ടിട്ട് പയിനെട്ട് കൊല്ലമായേ. ഡബുട്ട് തീര്‍ക്കാമ്മേണ്ടി ഗൂഗിളിപ്പോയി “wild forest” and kerala തപ്പി. നോക്യപ്പം കാണാം 1590 മറുവടികള്. തള്ളേ ഞാന്‍ കറങ്ങിപ്പോയടേ.
അപ്പം സാറിന് ഇതൊന്നും അറിയാമ്മേലാത്തോണ്ടാണാണ്ണാ?
പോടാ അവുടുന്ന്. ഇതൊക്കെ സാറിന്‍റെ നമ്പരുകളല്ലേ.

അണാണ്ണാ? അപ്പം സാറിന് കണ്വലയത്തിന് എന്താണ് അര്‍ത്ഥം എന്നും മനസ്സിലായിട്ടില്ല എന്ന് പറേണതാ?
എടേ നീ കെടന്ന് പെടയ്ക്കാതിരി. ഞാന്‍ വീണ്ടും തപ്പിയെടേ.
ആരേണ്ണാ? എപ്പഴണ്ണാ?
ശ്ശെ, അതല്ലടേ, ഡിഷ്ണറി. അഞ്ഞൂറ്റി എഴുവത്തഞ്ചാം പേജില് ദാണ്ടേ കെടക്കണ് ലയം.
ലയം എവിടെക്കെടക്കണണ്ണാ?
ദാണ്ട നോക്കടേ. ലയം: mental concentration on a particular object. union or blending.

എന്തരണ്ണാ സംസ്കൃതത്തി പറയണത്?

നീ സഹല മലയാളം മൂശേട്ട സാറമ്മാരേയും മനസ്സി വിജാരിച്ച് അര്‍ഥം പറഞ്ഞു നോക്കടേ.
കോവാലണ്ണലയം എന്നു വച്ചാ കോവാലണ്ണനെപ്പോലെ ഒള്ള ലയം ആണാണ്ണാ?
എടേ നീ പഠിക്കൂല്ലന്ന് തന്നേടേ?
അണ്ണാ, ഒന്നൂട നോക്കാം. കോവാലണ്ണനാല്‍ ലയിച്ചു പോയത്?
ഒന്ന് എണീറ്റ് പോടേ.
കോവാലണ്ണനോ ലയമോ എന്ന് വര്‍ണ്ണ്യത്തിലാശങ്കു?
നീ എന്‍റേന്ന് വല്ലോ വാങ്ങിയ്ക്കും.
അണ്ണാ ചൂടാവല്ല്. ഞാന്‍ സാറല്ല കേട്ട. എന്നാപ്പിന്നെ കോവാലണ്ണന്‍റെ ലയം ആണാണ്ണാ?
കറക്ടെടേ. നീ പഠിച്ച് പോയല്ല്.
അണ്ണാ ഞാന്‍ കാളേജുകളി പഠിപ്പിക്കാമ്പോവാറായാ അണ്ണാ?
ആയിട്ടില്ലടേ നെനക്ക് വേണോങ്കി മാതൃഫൂമികളില് എഴുതിത്തൊടങ്ങാടേ..

എന്നാലുമണ്ണാ, എന്തരാണീ കണ്വലയം? കണ്വ എന്താണെന്ന് പുടി കിട്ടണില്ലല്ല്.
എടേ അത് ശരിയാണല്ലടേ. നമ്മള് വീണ്ടും ഡിഷ്ണറി തപ്പട്ട്.

എടേ ദാണ്ടേ കെടക്കണ് കണ്വന്‍.
ആരണ്ണാ അവന്‍?
എടേ കണ്വന്‍: A great sage; the fosterfather of Sakuntala. യുറീക്കാ വിജ്ഞാന പരൂഷാ...
അത് എന്തരണ്ണാ?
കണ്വലയം കിട്ടിപ്പോയെടേ.. കണ്വന്‍റെ ഒടുക്കത്തെ ലയം. യേത്? നമ്മട മുനിവര്യന്‍റെ കാണ്‍സന്‍റ്രേഷനുകള് തന്നെ.

കോവാലണ്ണാ... സാറ് പറേണ് ലോസഭ എന്ന വാക്ക് ടൈപ്പു ചെയ്യുമ്പോള്‍ ലോക്‌സഭ എന്നാവാതിരിക്കാന്‍ ZWNJ മലയാളത്തില്‍ ഉപയോഗിക്കേണ്ടി വരുംന്ന്. അതെന്തിനണ്ണാ?
അത് സാറ് തമാശിച്ചതാടേ. നീയങ്ങ് ക്ഷമി.

1 comment:

ഗോപ കുമാര്‍ said...

സാറ് പറേണ് ലോസഭ എന്ന വാക്ക് ടൈപ്പു ചെയ്യുമ്പോള്‍ ലോക്‌സഭ എന്നാവാതിരിക്കാന്‍ ZWNJ മലയാളത്തില്‍ ഉപയോഗിക്കേണ്ടി വരുംന്ന്. അതെന്തിനണ്ണാ?
അത് സാറ് തമാശിച്ചതാടേ. നീയങ്ങ് ക്ഷമി.